ന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ വൻ സ്ഫോടക ശേഖരവും ആയുധങ്ങളും പിടികൂടി. ഉഗ്രസ്ഫോടകശേഷിയുള്ള 350 കിലോ ആര്‍ഡിഎക്സ്, എകെ 47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഫരീദാബാദിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്.
ഭീകരബന്ധമുണ്ടെന്ന സംശയത്തെത്തുര്‍ന്ന് ജമ്മുകാഷ്മീര്‍ സ്വദേശിയായ ഡോക്ടര്‍ ആദില്‍ അഹമ്മദ് റാത്തര്‍ ഏതാനും ദിവസം മുമ്പ് പിടിയിലായിരുന്നു. ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.
ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഡോക്ടര്‍ ആദിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്ഫോടക വസ്തുക്കളെക്കുറിച്ച് വിവരം ലഭിച്ചത്.
തുടര്‍ന്ന് ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫരീദാബാദിലെ ഹോസ്പിറ്റലില്‍ റെയ്ഡ് നടത്തുകയും സ്ഫോടക വസ്തുക്കള്‍ കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജമ്മുകാഷ്മീരിലെ പുൽവാമ സ്വദേശിയാണ് മുസമ്മിൽ ഷക്കീൽ. ആശുപത്രിയില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സഹായം നല്‍കിയത് ഇയാൾ ആണെന്നാണ് വിവരം.
നേരത്തെ, അനന്തനാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോ. ആദിലിന്റെ ലോക്കറില്‍ നിന്ന് എകെ 47 റൈഫിളും മറ്റ് വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തിരുന്നു. പിടിയിലായ ഡോക്ടര്‍മാര്‍ക്ക് ജമ്മുകാഷ്മീരിലെ ഭീകര സംഘടനകളായ ജയ്ഷെ മുഹമ്മദ്, ഗസ് വാത് അല്‍ ഹിന്ദ് എന്നിവയുമായും ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
സ്ഫോടക വസ്തുക്കളുടെ കൂട്ടത്തിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ടൈമറുകളും കണ്ടെടുത്തു. ഒക്ടോബറിലാണ് ഭീകരവാദ സംഘടനകളെ അനുകൂലിച്ച് ശ്രീനഗറിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
സിസിടിവികളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ആദിൽ അഹമ്മദാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് കണ്ടെത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. അനന്തനാഗ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറാണ് ആദിൽ അഹമ്മദ്.